സീറോ മലബാർ സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ.ഏറെ ഒരുക്കത്തോടെയാണ് ഭവനങ്ങളിലെ പെസഹാ ആചരണം നടത്തിയിരുന്നത്. കർത്താവിൻറെ തിരുവത്താഴത്തിൻറെയും വിടവാങ്ങലിന്റെയും ഓർമ്മ ദൈവാലയത്തിൽ ആചരിച്ചശേഷം ഭവനങ്ങളിൽ മടങ്ങിയെത്തിയാലും ധ്യാനാത്മകമായ അന്തരീക്ഷത്തിലാണ് അന്നേദിവസം ചിലവഴിക്കുക എന്നതാണ് കുടുംബങ്ങളിലെ പെസഹാ ആചരണത്തിൻറെ പ്രത്യേകത. പെസഹാ അപ്പവും പാലും ഉണ്ടാക്കുന്നിടത്ത് നിശബ്ദത പാലിക്കുക എന്നത് എല്ലാ കുടുംബങ്ങളിലും നിലനിന്നിരുന്ന യാഥാർത്ഥ്യമാണ്.
ഇവയ്ക്ക് ഒരു പ്രത്യേക പൂജ്യത കല് പ്പിച്ചു കൊണ്ടാണ് ഇവ തയ്യാറാക്കിയിരുന്നത്. അതിനായി ഉപയോഗിക്കുന്ന തേങ്ങ ഉടയ്ക്കുമ്പോൾ ലഭിക്കുന്ന വെള്ളം ആർക്കും കുടിക്കാൻ കൊടുക്കാതെ ആരും ചവിട്ടാത്തിടത്ത് (സാധാരണഗതിയിൽ വീടിൻറെ പുറം ഭിത്തിയോടു ചേർത്ത്) ഒഴിച്ചു കളയുന്ന പതിവ് ഇത് വ്യക്തമാക്കുന്നു. അപ്പവും പാലും തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും തവികളും എല്ലായ് പ്പോഴും പുതുതായി വാങ്ങുകയായിരുന്നു പതിവ് . മാറിയ സാഹചര്യത്തിൽ ഇതിനു വേണ്ടി മാത്രമായി ചില പാത്രങ്ങൾ മാറ്റിവയ്ക്കുന്നതായും കണ്ടുവരുന്നു. അടുക്കള കഴുകി വൃത്തിയാക്കി ഏകാഗ്രതയോടെ മൗനമവലംബിച്ചു കൊണ്ടായിരുന്നു ഇവയുടെ പാചകം. ഉഴുന്നു പൊടിയും അരിപ്പൊടിയുമാണ് ഈ അപ്പത്തിന്റെ പ്രധാന ഘടകങ്ങൾ . തേങ്ങാപ്പാലും ശർക്കരയും പഴക്കഷണങ്ങളും ചേർത്താണ് പാനീയം തയ്യാറാക്കുന്നത്. ഇവ രണ്ടും പെസഹാ വ്യാഴാഴ്ചയല്ലാതെ വേറൊരിക്കലും ഉണ്ടാക്കുന്നുമില്ല. ഇതേ ചേരുവയിൽ തന്നെ ആവശ്യമുള്ളിടത്ത് കൂടുതൽ അപ്പം ഉണ്ടാക്കാറുണ്ട് . എന്നാൽ ഒരെണ്ണത്തിന്റെ മുകളിൽ ഓശാന ഞായറാഴ്ചത്തെ ഓല കൊണ്ട് ചെറിയൊരു കുരിശുണ്ടാക്കി ചേർത്തു വച്ചിരിക്കും. ഈ അപ്പം കുടുംബാംഗങ്ങൾക്ക് അല്ലെങ്കിൽ ക്രിസ്തീയ വിശ്വാസികൾക്ക് മാത്രമുള്ളതാണ്. മറ്റുള്ളവർക്ക് കൊടുക്കുവാനാണ് ആവശ്യംപോലെ കുരിശു വയ്ക്കാതെ അപ്പം ഉണ്ടാക്കുന്നത്.
അപ്പവും പാലും തയ്യാറാക്കുന്ന സമയം കുടുംബാംഗങ്ങൾ സുകൃതജപങ്ങൾ, പാന എന്നിവ ചൊല്ലി കൊണ്ടിരിക്കുമായിരുന്നു.
ഈ പ്രത്യേക അപ്പം ഇണ്ടറി (ഇൻറി)എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഈശോയെ തറച്ച സ്ലീവായുടെ മുകളിൽ “ഇവൻ നസ്രായൻ ഈശോ യൂദൻമാരുടെ രാജാവ്” (INRI) എന്ന് പരിഹാസ രൂപത്തിൽ എഴുതി വെച്ചിരുന്നതായി സുവിശേഷത്തിലുണ്ട് (Jn 19:19). അതനുസരിച്ച് ക്രൂശിത രൂപത്തിന് മുകളിൽ സാധാരണ എഴുതി വയ്ക്കാറുള്ള INRI എന്ന നാലക്ഷരങ്ങൾ കൂട്ടി വായിച്ചതിൽ നിന്നാണ് ഈ പേരുണ്ടായതെന്ന് അനുമാനിക്കാം .
വീട്ടിലെ കുരിശുവരെ പ്രാർത്ഥന കഴിഞ്ഞ്, കുടുംബനാഥൻ ഇണ്ടറിയുടെ മേലുള്ള കുരിശു നീക്കിയശേഷം (കുരിശ്, വെഞ്ചരിച്ച കുരുത്തോല കൊണ്ടുള്ളതാകയാൽ അത് അലക്ഷ്യമായി കളയുകയല്ല, കത്തിച്ച് കളയുകയാണ് പതിവ്) അപ്പം 13 കഷണങ്ങളായി മുറിക്കുന്നു. അതിനുശേഷം ഓരോ കഷണവും പാലിൽ മുക്കി കുടുംബാംഗങ്ങളുടെ പ്രായക്രമത്തിൽ ഓരോരുത്തർക്കും നൽകുന്നു. ഈശോയേയും ശിഷ്യന്മാരേയും അനുസ് മരിച്ചാണ് 13 കക്ഷണങ്ങളായി മുറിക്കുന്നത്. ഇടത് കൈപ്പത്തിയുടെ മുകളിൽ വലതുകരം വച്ച് ആദരവോടെയാണ് എല്ലാവരും കുടുംബനാഥനിൽ നിന്ന് ഇണ്ടറിയപ്പം സ്വീകരിക്കുന്നത്. ഓരോ കഷണം കുടുംബനാഥനിൽ നിന്ന് സ്വീകരിച്ച ശേഷം ബാക്കി കഷണങ്ങളും പാലും ആവശ്യം പോലെ എല്ലാവരും ഭക്ഷിക്കുന്നു.
എല്ലാദിവസവും കുടുംബ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടുക നമ്മുടെ പാരമ്പര്യമാണ് .എന്നാൽ പെസഹാ വ്യാഴാഴ്ച രാത്രിയിലെ സമ്മേളനം ഈ ദിവസത്തിൻറെ പ്രത്യേകതയാൽ അതുല്യ പ്രാധാന്യമുള്ളതാണ്. ശിഷ്യന്മാരുമൊത്ത് അവസാനമായി ഈശോ ചിലവഴിച്ച നിമിഷങ്ങളെയും തൻറെ ഓർമ്മയ്ക്കായി അവരെ ഏൽപ്പിച്ച പൈതൃകത്തെയും ഭാവി തലമുറകൾക്കുവേണ്ടി പറഞ്ഞേൽപ്പിച്ച ശാസനങ്ങളെയുമെല്ലാം കുടുംബങ്ങളിൽ ബഹുമാനപുരസരം ഓർക്കുവാനായി ഉള്ള നേരമാണത്. അതിനാൽ ആരുടെ നാമത്തിലും സ്ഥാനത്തും നിന്നുകൊണ്ടാണ് താൻ ഇണ്ടറി മുറിക്കുന്നതെന്ന് ഓരോ കുടുംബനാഥനും ഓർമ്മയുണ്ടാകണം. തിരുവത്താഴത്തിൽ കർത്താവിൽ നിന്ന് നേരിട്ട് അപ്പം വാങ്ങി ഭക്ഷിച്ച ശിഷ്യന്മാരുടെ സ്ഥാനത്ത് തങ്ങളെ തന്നെ കാണുവാൻ കുടുംബാംഗങ്ങൾക്കും സാധിക്കട്ടെ. വിശ്വാസത്തെ ഒറ്റി കൊടുക്കാനും തള്ളിപ്പറയാനും സാധ്യതയുള്ള നമ്മുടെ സാഹചര്യങ്ങളിൽ വിശ്വാസത്തിൽ നിലനിൽക്കാനുള്ള ശക്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ആ വിശ്വാസത്തെ ഏറ്റുപറയുകയും ചെയ്യാനുള്ള അവസരമാണിത്.
വിശ്വാസ കൈമാറ്റത്തിനുള്ള കുടുംബനാഥന്റെ ഉത്തരവാദിത്വത്തിന്റെ മികവുറ്റ പ്രകാശനത്തിനുള്ള ഈ അവസരം കുടുംബങ്ങളുടേതു മാത്രമായി മാറ്റി വയ്ക്കുന്നതാണ് ഉചിതം. കുടുംബനാഥൻ മരണപ്പെട്ടാൽ അടുത്തവർഷം പെസഹാ അപ്പമുണ്ടാക്കാതിരിക്കുന്ന പതിവ് കുടുംബനാഥന്റെ സ്‌ഥാനത്തിൻറെ മഹനീയതയെയാണ് വിളിച്ചറിയിക്കുന്നത്.
കടകളിൽ പെസഹാ അപ്പം ലഭ്യമായിരിക്കാം. അതിൽ കുരിശും ഉണ്ടാകാം. പക്ഷേ, അത് ഇണ്ടറിയപ്പമാകില്ല. അടുക്കള ഒരുക്കി, പുത്തൻ പാത്രങ്ങളിൽ, സുകൃതജപങ്ങളുടെയോ പാനാപാരായണത്തിന്റെയോ പശ്ചാത്തലത്തിൽ ധ്യാനാത്മകമായി പാകപ്പെടുത്തുന്ന ഇണ്ടറിയപ്പത്തിനും പാലിനും പകരം വയ്ക്കാൻ റെഡിമെയ്ഡായി കിട്ടുന്ന രുചിയേറിയ വിഭവങ്ങൾക്കൊന്നുമാവില്ല
Comments